അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ സൈബർ പോലീസ് പിടികൂടി. പത്തനംതിട്ട : അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ സൈബർ പോലീസ് പിടികൂടി.
പത്തനംതിട്ട സൈബർ പോലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ റാന്നി വടശ്ശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി(27)യാണ് അറസ്റ്റിലായത്. തമിഴ്നാട് കാവേരിപട്ടണത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശത്തേതുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതറിഞ്ഞു ബാംഗ്ലൂരിലെത്തിയ സൈബർ പോലീസ് സംഘം അവിടുത്തെ പോലീസിന്റെ സഹായത്തോടെ ഇന്നലെ ഉച്ചക്ക് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയിൽ ഇന്ന് എത്തിക്കുകയായിരുന്നു. തുടർന്ന് ഇവിടെ അറസ്റ്റ് രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിവശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് സച്ചിൻ ലൈംഗീക പീഢനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ ചിത്രമെടുത്തു സൂക്ഷിക്കുകയും പിന്നീട് വിവാഹം കഴിക്കില്ല എന്ന് ഫോണിൽ വിളിച്ച് ഭീഷണപ്പെടുത്തി നഗ്ന ഫോട്ടോ പ്രതി ഫോണിലൂടെ ലഭ്യമാക്കുകയും ചെയ്തു.
വീണ്ടും ഫോട്ടോ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോൾ സമ്മതിക്കാത്തതിനെ തുടർന്ന് പ്രതി കുട്ടിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൌണ്ടുണ്ടാക്കി പിന്നീട് ഈ അക്കൌണ്ടിൽ കുട്ടിയുടെ സുഹൃത്തുക്കളേയും സമീപവാസികളേയും ബന്ധുക്കളേയും ഫ്രണ്ട് ലിസ്റ്റിൽ ഇയാൾ ഉൾപ്പെടുത്തി. ഇവരുമായി പെൺകുട്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചാറ്റ് ചെയ്ത് കുട്ടിയുടെ നഗ്നഫോട്ടോകളും ദൃശ്യങ്ങളും അയച്ചുകൊടുക്കുകയും സ്റ്റാറ്റസ് ഇടുകയും ചെയ്തു. പരാതിയെതുടർന്ന് ഇയാൾക്കെതിരെ സൈബർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് 2023 ഏപ്രിലിൽ പ്രതി കുവൈറ്റിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇത് മനസ്സിലാക്കി പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിക്കാൻ പോലീസ് അപേക്ഷ നൽകി. തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കുവൈറ്റിൽ ജോലി ചെയ്ത കമ്പനിയിൽ ജോലി സ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ഇന്ത്യൻ എംബസ്സി മുഖാന്തരം രാജ്യത്തേക്ക് തിരിച്ചയക്കപ്പെട്ട പ്രതിയെ 2024 മേയ് 17 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരിക്കുന്നതായി വിവരം ലഭിച്ചു. പിറ്റേന്ന് സൈബർ പോലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ്ജും സംഘവും അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. റോഡുമാർഗ്ഗം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നവഴി 19 ന് പുലർച്ചെ 5 മണിക്ക് തമിഴ്നാട് കാവേരിപട്ടണത്തുവച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിന് തമിഴ്നാട് കാവേരിപട്ടിണം പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The accused in the rape case, who escaped from police custody by being arrested and brought, was caught by the cyber police after vigorous investigation.